അട്ടപ്പാടിയിൽ രണ്ടുദിവസമായി കനത്ത മഴ തുടരുന്നു. വിദൂര ഊരുകൾ പലതും ഒറ്റപ്പെട്ടു. ചെമ്മണ്ണൂർ പന്നിയൂർ പടിക, പാക്കുളം ആനക്കല്ല്, താവളംമുള്ളി എന്നീ പാലങ്ങൾ വെള്ളത്തിനടിയിലായി. ചെമ്മണ്ണൂർ പാലത്തിന്റെ താത്ക്കാലികമായി സ്ഥാപിച്ചിരുന്ന കൈവരികൾ തകർന്നു. 

ഭവാനിപ്പുഴയുടെ ഉദ്ഭവസ്ഥാനമായ അപ്പർ ഭവാനിയിലെ അണക്കെട്ട് അറ്റകുറ്റപ്പണികൾക്കായി തുറന്നിട്ടിരുന്നതിനാലും പുഴ ഒഴുകിവരുന്ന സൈലന്റ് വാലി മലനിരകളിലെ മഴ ശക്തമായതുമാണ് പുഴ കവിഞ്ഞൊഴുകാൻ കാരണമായത്. ഇനിയുള്ള ദിവസങ്ങളിൽ ശക്തമായ മഴ തുടർന്നാൽ പുഴയുടെ തീരങ്ങളിൽ മണ്ണിടിച്ചിലുണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് സമീപവാസികളെ മാറ്റിപ്പാർപ്പിക്കേണ്ടിവരും.