ഒറ്റ ദിവസമേ വേണ്ടിവന്നുള്ളൂ.. തോരാതെ പെയ്ത ഒരൊറ്റ മഴയേ വേണ്ടിവന്നുള്ളൂ.. ചാലക്കുടിപുഴ കലിതുള്ളി കലങ്ങിമറിഞ്ഞൊഴുകാന്‍. തീര്‍ത്തും വിഭിന്നമായിരുന്നു, ഭീതിജനകമായിരുന്നു ഇന്നലെ വരെ വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളില്‍ ഒന്നായിരുന്ന അതിരപ്പിള്ളിയില്‍ നിന്നുള്ള ചാലക്കുടിപ്പുഴയുടെ പുതിയ കാഴ്ച.

അതിരപ്പിള്ളിയില്‍ മാത്രമല്ല, സംസ്ഥാനത്തെ മലയോരമേഖലയെയും പുഴകളുടെ തീരപ്രദേശങ്ങളെയും മുഴുവന്‍ ഭീതിയിലാഴ്ത്തിക്കൊണ്ടാണ് കഴിഞ്ഞ ദിവസം മഴ തകത്താടിയത്. പുഴകളേറെയും കരകവിഞ്ഞു. നിരത്തുകളെ വെള്ളം വിഴുങ്ങി. പലയിടത്തും മണ്ണിടിഞ്ഞുവീണു. മലപ്പുറത്ത് വീടു തകര്‍ന്ന് മൂന്ന് പേര്‍ മരിച്ചു.