കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ (105) അന്തരിച്ചു. കൊയിലാണ്ടിയിൽ ചേലിയയിലെ വസതിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളാൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. 

കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തിൽ നിറഞ്ഞുനിൽക്കുന്ന അതുല്യ പ്രതിഭയാണ് ഗുരു. കഥകളി, കേരള നടനം എന്നിവയിലെ അസാമാന്യ പ്രതിഭയായിരുന്നു അദ്ദേഹം.

കഥകളിക്കായി സ്വയം സമർപ്പിച്ച ഗുരു എട്ട് പതിറ്റാണ്ടിലേറെ നീണ്ട കലാജീവിതത്തിന് ശേഷമാണ് അരങ്ങൊഴിഞ്ഞത്. ഉത്തര മലബാറിലെ കഥകളി രംഗത്തെ പുനരുജ്ജീവിപ്പിച്ച ആചാര്യനായിരുന്നു. 100 വയസിന് ശേഷവും പല വേദികളിലും കഥകളി വേഷം കെട്ടിയിരുന്നു. 

അരങ്ങിൽ പകർന്നാടിയ ഗുരുവിന്റെ കൃഷ്ണ, കുചേല വേഷങ്ങൾ ആസ്വാദകർക്ക് എന്നും പ്രിയങ്കരമായിരുന്നു. കഥകളിയുടെ വടക്കൻ രീതിയായ കല്ലടിക്കോടൻ ചിട്ടയുടെ പ്രചാരകരിൽ പ്രധാനിയായിരുന്നു അദ്ദേഹം.