പത്ത്, പ്ലസ്ടു ക്ലാസുകൾ പുനരാരംഭിക്കുന്നതിന് മുന്നോടിയായുള്ള നിർദേശങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചു. ആദ്യഘട്ടത്തിൽ പരമാവധി 50 ശതമാനം കുട്ടികളെ മാത്രമേ സ്കൂളുകളിൽ അനുവദിക്കാൻ പാടുള്ളു. ആദ്യത്തെ ആഴ്ച ഒരു ബഞ്ചിൽ ഒരു കുട്ടി എന്ന നിലയിൽ ക്ലാസ് ക്രമീകരിക്കണം.
രണ്ട് ഷിഫ്റ്റുകളായാണ് ക്ലാസുകൾ പ്രവർത്തിക്കേണ്ടത്. രാവിലെ ഒൻപതിനോ അല്ലെങ്കിൽ പത്തിനോ ആരംഭിച്ച് പന്ത്രണ്ടിനോ ഒന്നിനോ അവസാനിക്കുന്ന ആദ്യഷിഫ്റ്റും ഒരുമണിക്കോ അല്ലെങ്കിൽ രണ്ടുമണിക്കോ ആരംഭിച്ച് നാലിനോ അഞ്ചിനോ അവസാനിക്കുന്ന രണ്ടാമത്തെ ഷിഫ്റ്റും. സ്കൂളിലെ ആകെയുള്ള കുട്ടികൾ, ലഭ്യമായ ക്ലാസ് മുറികൾ, മറ്റുസൗകര്യങ്ങൾ എന്നിവ കണക്കിലെടുത്തുവേണം സ്കൂളിലേക്ക് വരുന്ന കുട്ടികളുടെ എണ്ണം തീരുമാനിക്കാൻ.
കുട്ടികൾ തമ്മിൽ കുറ്ഞ്ഞത് രണ്ടുമീറ്റർ ശാരീരികാകലം പാലിക്കണം. ആവശ്യമെങ്കിൽ ഇതിനായി മറ്റ് ക്ലാസ് മുറികൾ ഉപയോഗപ്പെടുത്തണം. പല ബാച്ചുകളിലെ കുട്ടികൾക്ക് ക്ലാസ് തുടങ്ങുന്നസമയം, ഇടവേള, അവസാനിക്കുന്ന സമയം തുടങ്ങിയവ വ്യത്യസ്തമായി ക്രമീകരിക്കണം.