കരിപ്പൂർ വിമാനത്താവളത്തിൽ കോടികളുടെ സ്വർമം പിടിച്ചു. ദുബായിൽ നിന്നെത്തിയ നാല് യാത്രക്കാരിൽ നിന്ന് രണ്ടുകോടി 95 ലക്ഷത്തിന്റെ സ്വർണമാണ് പിടിച്ചെടുത്തത്. ദുബായിൽ നിന്നെത്തിയ മറ്റൊരു യാത്രക്കാരനിൽ നിന്ന് 55 ലക്ഷം രൂപയുടെ സ്വർണവും പിടികൂടി. 4.8 കിലോ സ്വർണവും മൂന്നര കിലോയിലധികം സ്വർണ മിശ്രിതവുമായണ് അഞ്ച് യാത്രക്കാർ കടത്താൻ ശ്രമിച്ചത്. 

ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കഴിഞ്ഞദിവസം കരിപ്പൂർ വിമാനത്താവളത്തിൽ പരിശോധന കർശനമാക്കിയത്. കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ് നടത്തിയ പരിശോധനയിലാണ് ദുബായിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കള്ളക്കടത്ത് സ്വർണവുമായെത്തിയ നാലുപേർ പിടിയിലായത്. 

കണ്ണൂർ സ്വദേശിയായ അഫ്താബ് റീചാർജബിൾ ഫാനിന്റെ ബാറ്ററിക്കുള്ളിലാണ് രണ്ട് കിലോ 99 ​ഗ്രാം സ്വർണം ഒളിപ്പിച്ചിരുന്നത്. സ്വർണം തിരിച്ചറിയാതിരിക്കാൻ വെള്ളി നിറം പൂശിയിരുന്നു. 18 ചതുരക്കട്ടകളാണ് കണ്ടെടുത്തത്. അറസ്റ്റ് ചെയ്ത ഇയാളെ റിമാൻഡ് ചെയ്തു.