വ്യത്യസ്തമായ മത്സ്യവില്‍പ്പനയിലൂടെ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുകയാണ് തൊടുപുഴയ്ക്ക് സമീപം മുതലക്കോടത്ത് മത്സ്യവില്‍പ്പന നടത്തുന്ന ഷെബീര്‍ ഉമ്മര്‍. വില്‍പ്പനയിലേക്ക് ആളുകളുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ ഗാനങ്ങള്‍ ആലപിക്കുന്നതായി അഭിനയിക്കുന്നതാണ് ഇയാളുടെ രീതി.

വീഡിയോ വൈറലായതോടെ മത്സ്യവില്‍പ്പനക്കാരിലെ 'റോക്ക് സ്റ്റാര്‍' എന്നാണ് ഷെബീര്‍ അറിയപ്പെടുന്നത്. കടലില്‍ ഉള്ളതിനേക്കാല്‍ മീന്‍ കിട്ടുമെന്നാണ് ഷബീറിന്റെ പരസ്യ വാചകം.

'ചമ്പക്കര ഫീഷറീസ് ആന്‍ഡ് ചിക്കന്‍ സെന്റര്‍' എന്ന സ്ഥാപനത്തിലേക്ക് വഴിയാത്രക്കാരുടെയും നാട്ടുകാരുടെയും ശ്രദ്ധയാകര്‍ഷിക്കാന്‍ ഷെബീര്‍ ആദ്യം ചെയ്തത് തന്റെ തന്നെ ഒരു കൂറ്റന്‍ കട്ടൗട്ട് സ്ഥാപിക്കലാണ്. കച്ചവടമല്‍പം മെച്ചപ്പെട്ടെങ്കിലും പിന്നാലെ കോവിഡ് എത്തി. 

മത്സ്യ വില്‍പന സജീവമാക്കാനാണ് പുതിയ തന്ത്രം പരീക്ഷിച്ചത്. തൈക്കുടം ബ്രിഡ്ജിന്റെ ഫിഷ് റോക്കാണ് ഹൈലൈറ്റ്. സുഹൃത്താണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇട്ടത്. എന്നാല്‍ പാട്ട് പാടുകയല്ല, പാടുന്നത് പോലെ അഭിനയിക്കുകയാണ് ചെയ്തതെന്ന് ഷെബീര്‍ തന്നെ പറയുന്നു