ഡല്‍ഹി രോഹിണിയിലെ കോടതിക്കുള്ളിലുണ്ടായ വെടിവെപ്പില്‍  കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ ഉള്‍പ്പടെ നാലുപേര്‍ കല്ലപ്പെട്ടു. ഗുണ്ടാത്തലവന്‍ ജിതേന്ദ്ര ഗോഗി ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്.  രോഹിണിയിലെ 206-ാം നമ്പര്‍ കോടതിയിലാണ് രാജ്യത്തെ നടുക്കിയ സംഭവമുണ്ടായത്.  ഗോഗിയെ കോടതിയില്‍ ഹാജരാക്കുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. അഭിഭാഷക വേഷത്തിലെത്തിയ രണ്ടുപേര്‍ ഗോഗിയെ വെടിവെച്ച് കൊല്ലുകയായിരുന്നു. ഇതോടെ അക്രമികള്‍ക്ക് നേരേ പോലീസും വെടിയുതിര്‍ത്തു. ഏറ്റുമുട്ടലില്‍ രണ്ട് അക്രമികളെ പോലീസ് വധിച്ചു. 
കോടതിക്കുള്ളില്‍ ഏകദേശം 40 റൗണ്ട് വെടിയുതിര്‍ത്തെന്നാണ് റിപ്പോര്‍ട്ട്. 

അതേസമയം, കോടതിക്കുള്ളില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായിട്ടില്ലെന്ന് ഡല്‍ഹി പോലീസ് കമ്മീഷണര്‍ രാകേഷ് അസ്താന പ്രതികരിച്ചു. ടില്ലു ഗ്യാങ്ങിന്റെ ഭാഗമായ അക്രമികളാണ് ഗോഗിയെ വെടിവെച്ച് കൊലപ്പെടുത്തിയതെന്നും ഇവരെ പോലീസ് സംഘം കീഴ്പ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.