പത്തനംതിട്ടയിൽ വീണ്ടും വൻ സാമ്പത്തിക തട്ടിപ്പ്. 70 കോടി രൂപ നിക്ഷേപമായി സ്വീകരിച്ച തറയിൽ ഫിനാൻസ് എന്ന സ്ഥാപനം പൂട്ടി. സ്ഥാപനത്തിന്റെ നാല് ശാഖകളും അടച്ചിട്ടുണ്ട്. മാനേജിങ് പാർട്ണർ സജി സാം കുടുംബത്തോടൊപ്പം രക്ഷപ്പെട്ടിരിക്കുകയാണ്. രണ്ടര പതിറ്റാണ്ടോളമായി പ്രവർത്തിച്ചുവരുന്ന സ്ഥാപനത്തേക്കുറിച്ച് ആളുകൾക്കിടയിൽ പരാതിയൊന്നും ഉണ്ടായിരുന്നില്ല. ആ വിശ്വാസ്യത മുതലെടുത്ത് കൂടുതൽ ആളുകളെ ആകർഷിക്കുകയും നിക്ഷേപങ്ങൾക്ക് ഏകദേശം 12 ശതമാനം വരെ പലിശ നൽകുകയും ചെയ്തിരുന്നു. 

നാനൂറോളം നിക്ഷേപകരാണ് ഇവിടെയുള്ളത്. പ്രവാസികളാണ് ഏറ്റവും കൂടുതൽ നിക്ഷേപം നടത്തിയിട്ടുള്ളത്. മാർച്ച് മാസത്തിലാണ് ബഹുഭൂരിപക്ഷം നിക്ഷേപകർക്കും അവസാനം പലിശ നൽകിയത്. അതിന് ശേഷം പലിശ ലഭിക്കാതായതോടെ ആളുകൾ പണമിടപാട് ശാഖയിൽ ബന്ധപ്പെട്ടിരുന്നു. പക്ഷേ ആശ്വാസകരമായ ഒരു മറുപടിയല്ല അവർക്ക് ലഭിച്ചത്. ഇതിനെതിരെ പ്രതിഷേധമുയരുകയും നിക്ഷേപകർ പരാതി നൽകാനൊരുങ്ങുകയും ചെയ്തതോടെ അധികൃതർ രമ്യമായി പ്രശ്നം പരിഹരിക്കാമെന്ന് പറയുകയും കരാറിലേർപ്പെടുകയും ചെയ്തു. 

ഒരുമാസത്തെ കാലാവധിയാണ് പലർക്കും നൽകിയത്. ഈ കാലയളവിനുള്ളിൽ മാനേജിങ് പാർട്ണർ കാര്യങ്ങൾ ഭദ്രമാക്കുകയും കുടുംബസമേതം സ്ഥലത്തിനിന്ന് മാറുകയുമായിരുന്നു.