അഫ്ഗാന്‍ ജയിലില്‍ കഴിയുന്ന മലയാളി ഐ.എസ്. വിധവ ആയിഷയെ ഇന്ത്യയിലേക്ക് മടക്കി കൊണ്ടുവരാന്‍ നിര്‍ദ്ദേശിക്കണം എന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി ആയിഷയുടെ പിതാവ് വി.ജെ. സെബാസ്റ്റ്യന്‍. രാജ്യസുരക്ഷയ്ക്ക് കൊടിയ ഭീഷണി അല്ലാത്തതിനാല്‍ രാജ്യാന്തര തലത്തില്‍ തന്നെ വനിതാ ഭീകരവാദികളോട് മൃദുസമീപനം ഉണ്ടെന്ന് ഹര്‍ജ്ജിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 

ആയിഷാ എന്ന സോണി സെബാസ്റ്റ്യനും പത്ത് വയസ്സുള്ള മകളുമാണ് അഫ്ഗാനിസ്ഥാനില്‍ ജയിലില്‍ കഴിയുന്നത്. ആയിഷയുടെ ഭര്‍ത്താവ് 2019-ല്‍ നാറ്റോ സഖ്യ സേന നടത്തിയ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. യുഎപിഎ നിയമപ്രകാരം ആയിഷയ്‌ക്കെതിരെ എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.