പാലക്കാട് ജില്ലയിലെ വടക്കാഞ്ചേരി കേന്ദ്രീകരിച്ച് വ്യാജ കള്ള് നിർമാണ ലോബിയെ സഹായിച്ച എക്സൈസ് ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്തു. 13 ഉദ്യോ​ഗസ്ഥർക്കെതിരെയാണ് നടപടി.

കഴി‍ഞ്ഞമാസം 27-ാം തീയതി പാലക്കാട് ആലത്തൂരിനടുത്ത് അണക്കപ്പാറയിൽ സ്പിരിറ്റ് കേന്ദ്രം എക്സൈസ് സംഘം റെയ്ഡ് ചെയ്തിരുന്നു. അന്ന് 1312 ലിറ്റർ സ്പിരിറ്റും 2220 ലിറ്റർ വ്യാജ കള്ളും 11 ലക്ഷം രൂപയും പിടിച്ചെടുത്തിരുന്നു. എക്സൈസ് വിജിലൻസ് ഓഫീസറുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

കൂടാതെ മാസപ്പടി വിശദാംശങ്ങളടങ്ങിയ ഡയറി, ട്രയൽ ബാലൻസ് കാണിക്കുന്ന കമ്പ്യൂട്ടർ സ്റ്റേറ്റ്മെന്റ്, ക്യാഷ് ബുക്ക്, വൗച്ചറുകൾ എന്നിവയും ഇവിടെ നിന്ന് കണ്ടെത്തിയിരുന്നു.  തുടർന്ന് നടന്ന വിശദമായ അന്വേഷണത്തിൽ എക്സൈസ് ചെക്ക് പോസ്റ്റ് പോലും പ്രവർത്തിക്കുന്നത് വ്യാജ കള്ള് നിർമാണകേന്ദ്രത്തിന്റെ ഉടമയുടെ കെട്ടിടത്തിലാണെന്നതടക്കമുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നു.