കോതംമംഗലത്ത് മദ്യവില്‍പ്പന ആരോപിച്ച് കസ്റ്റഡിയിലെടുത്ത് യുവാവിനെ എക്സൈസ് മര്‍ദ്ദിച്ചെന്ന് ആരോപണം. കോഴിപ്പിള്ളി സ്വദേശി ശ്രീധരനാണ് പരാതി നല്‍കിയത്.

സംഭവത്തെ കുറിച്ച് ശ്രീധരന്‍ പറയുന്നതിങ്ങനെ,

കോഴിപ്പള്ളിക്ക് സമീപം ചായക്കട നടത്തുന്ന ശ്രീധരന്‍ തൊട്ടടുത്തുള്ള സഹോദരന്റെ കടയില്‍ ചെന്നപ്പോഴാണ് എക്‌സൈസ് സംഘം അവിടെ എത്തിച്ചേരുന്നത്. ഉടനെ ശ്രീധരനെ കടന്നുപിടിച്ച എക്‌സൈസ് ഉദ്യോഗസ്ഥര്‍ കടയുടെ അകത്തേക്ക് കൊണ്ടുപോയി. കടയില്‍ നിന്ന് തീരാറായ മദ്യക്കുപ്പി എടുത്ത് കാണിച്ച് ഇവിടെ മദ്യവില്‍പ്പനയാണോ എന്ന് ചോദിച്ച് ക്രൂരമായി മര്‍ദ്ദിച്ചു.

തുടര്‍ന്ന് എക്‌സൈസ് ഓഫീസിലേക്ക് കൊണ്ടുപോയി ചൂരലുപയോഗിച്ച് മര്‍ദ്ദനം തുടര്‍ന്നതായും ശ്രീധരന്‍ പറയുന്നു. എന്നാല്‍ മര്‍ദ്ദിച്ചുവെന്ന ആരോപണം എക്‌സൈസ് നിഷേധിച്ചു. മുന്‍പും ഇവിടെ മദ്യവില്‍പ്പനയുള്ളതായി പരാതികള്‍ കിട്ടിയിട്ടുണ്ടെന്നും അതുകൊണ്ട് താക്കീത് ചെയ്ത് വിട്ടയയ്ക്കുക മാത്രമാണ് ചെയ്തതെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.