പത്ത്, പ്ലസ് ടു പരീക്ഷാ തീയതികള്‍ കൂടി കണക്കിലെടുത്താകും കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍. ഇത് സംബന്ധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ സി.ബി.എസ്.ഇ. ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.

തീയതികള്‍ പ്രഖ്യാപിക്കുമ്പോള്‍ റംസാന്‍ മാസവും കണക്കിലെടുക്കുമെന്നും തെരെഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. മെയ് നാല് മുതല്‍ പത്ത് വരെയാണ് സി.ബി.എസ്.ഇ. ബോര്‍ഡ് പരീക്ഷകള്‍ നടത്താന്‍ കേന്ദ്ര വിദ്യാഭ്യാസ ബോര്‍ഡ് നിശ്ചയിച്ചിരിക്കുന്നത്.

സി.ഐ.എസ്.സി.ഇ. ഇതുവരെ പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചിട്ടില്ല. കേരളത്തില്‍ പത്ത്, പന്ത്രണ്ട് ക്ലാസിലേക്കുള്ള പരീക്ഷകള്‍ മാര്‍ച്ച് 17 മുതല്‍ 30 വരെ നടത്താനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. സ്‌കൂളുകളിലാണ് പകുതിയിലധികം തിരഞ്ഞെടുപ്പ് ബൂത്തുകള്‍ സജ്ജീകരിക്കുക.

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിയമിക്കപ്പെടുന്നവരില്‍ ഭൂരിഭാഗവും അധ്യാപകരാണ്. പരീക്ഷ നടക്കുന്ന ദിവസങ്ങളില്‍ വോട്ടെടുപ്പും വോട്ടെണ്ണലും നടത്തുന്നത് പ്രായോഗിക ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന ആശങ്കയും തിരഞ്ഞെടുപ്പ് കമ്മീഷനുണ്ട്.