കോഴിക്കോട് കെ.എസ്.ആര്‍.ടി.സി. ബസ് ടെര്‍മിനലില്‍ ഒഴിപ്പിക്കല്‍ നടപടി ആരംഭിക്കുന്നു. കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന മദ്രാസ് ഐ.ഐ.ടി. റിപ്പോര്‍ട്ട് പഠിക്കാന്‍ സര്‍ക്കാര്‍ അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിച്ചു. റിപ്പോര്‍ട്ട് പഠിച്ച് രണ്ടാഴ്ചയ്ക്കകം നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി ടെര്‍മിനലിലെ കിയോസ്‌കുകള്‍ക്ക് ഒഴിഞ്ഞുപോവാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

ടെര്‍മിനലിന് ബലക്ഷയമുണ്ടെന്നും അറ്റകുറ്റപ്പണി നടത്തേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് രണ്ടാഴ്ചയ്ക്കുള്ളില്‍ ഒഴിഞ്ഞുപോകണം എന്നാവശ്യപ്പെട്ട് ടെര്‍മിനലിലെ കിയോസ്‌കുകള്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ബദല്‍ സംവിധാനം എന്തെങ്കിലും ഉണ്ടാക്കിയാലേ ഒഴിഞ്ഞുപോകൂ എന്ന നിലപാടിലാണ് കച്ചവടക്കാര്‍.