മലപ്പുറം എടക്കരയിൽ സ്ത്രീകളെ ബൈക്കിൽ പിൻതുടർന്ന് കയറിപ്പിടിക്കുന്നത്‌ പതിവാക്കിയ യുവാവ് അറസ്റ്റിൽ. എടക്കര സ്വദേശി ശ്രീജിത്ത് എന്ന മണിക്കുട്ടനാണ് അറസ്റ്റിലായത്. ആരോ​ഗ്യപ്രവർത്തകയുടെ പരാതിയിലാണ് അറസ്റ്റ്. വൈകിട്ട് ഏഴരയോടെ ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ആരോ​ഗ്യപ്രവർത്തക. ഇവരെ ശ്രീജിത്ത് ബൈക്കിൽ പിന്തുടരുകയും മുരിങ്ങമുണ്ടയിൽ വെച്ച് സ്കൂട്ടറിന് മുന്നിൽ ബൈക്ക് കുറുകെയിടുകയും കയറിപ്പിടിക്കുകയുമായിരുന്നു. പെട്ടന്നുണ്ടായ ആക്രമണത്തിൽ യുവതി സ്കൂട്ടറടക്കം മറിഞ്ഞുവീണു. ഉച്ചത്തിൽ ബഹളം വെച്ചപ്പോൾ പ്രതി രക്ഷപ്പെടുകയായിരുന്നു. 

സംഭവസമയം ശ്രീജിത്ത് മാസ്കും ഹെൽമറ്റും റെയിൻ കോട്ടും ധരിച്ചിരുന്നു. യുവതിയുടെ പരാതിയിൽ പോലീസ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച പോലീസ് നാട്ടുകാർ നൽകിയ സൂചനകളുടെ അടിസ്ഥാനത്തിൽക്കൂടിയാണ് പ്രതിയെ കണ്ടെത്തിയത്. ഒളിവിൽപ്പോയ ശ്രീജിത്തിനെ കൊണ്ടോട്ടി ഒളവട്ടൂരിലെ ജോലിസ്ഥലത്തുനിന്നാണ് പിടികൂടിയത്. ചോദ്യം ചെയ്യലിൽ നിരവധി സ്ത്രീകൾക്കെതിരെ സമാനരീതിയിലുള്ള ആക്രമണങ്ങൾ നടത്തിയതായി ഇയാൾ സമ്മതിച്ചു.