എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ധനമന്ത്രി തോമസ് ഐസക്ക്. സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സി.എ.ജിയും ഇ.ഡിയും കൂടി ഗൂഢാലോചനയില്‍ ഏര്‍പ്പെടുന്നെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഇ.ഡി. മാധ്യമങ്ങള്‍ക്ക് വാട്ട്‌സ് ആപ്പ് മെസേജ് വഴി വാര്‍ത്ത ചോര്‍ത്തിക്കൊടുക്കുന്നു. തലക്കെട്ടു പോലും എങ്ങനെ വേണമെന്ന് ഉപദേശിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. ഇത് അത്യന്തം പ്രതിഷേധാര്‍ഹമാണെന്നും ഐസക്ക് പറഞ്ഞു.

ഇ.ഡി. അയച്ച വാട്ട്‌സ് ആപ്പ് സന്ദേശം എന്നു പറഞ്ഞ് മാധ്യമങ്ങള്‍ക്കു മുന്നില്‍ ഐസക്ക് ഫോണ്‍ ഉയര്‍ത്തിക്കാണിക്കുകയും ചെയ്തു.സി.എ.ജി. റിപ്പോര്‍ട്ട് നിയമസഭയില്‍ സമര്‍പ്പിക്കാന്‍ ഇരിക്കുന്നതേയുള്ളൂ. സഭയില്‍ സമര്‍പ്പിക്കാത്ത സി.എ.ജി. റിപ്പോര്‍ട്ട് വെച്ചു കൊണ്ട് ഇ.ഡി. ഇപ്പോള്‍ നടപടി എടുത്തിരിക്കുന്നു. പബ്ലിക്ക് അക്കൗണ്ട് കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി എടുക്കേണ്ടത്. ഇ.ഡി. തന്നെ നിയമനടപടിയിലേക്ക് കടന്നിരിക്കുന്നത് നിയമസഭയോടുള്ള അവഹേളനമാണ്‌. നിയമസഭയുടെ അവകാശ ലംഘനമാണിത്. കേരളത്തിലെ നിയമസഭയുടെ ചട്ടങ്ങളെയും അധികാരങ്ങളെയും വെല്ലുവിളിച്ചു കൊണ്ട് ഇ.ഡിക്ക് ആറാടാന്‍ പറ്റുമെന്ന് കരുതേണ്ടെന്നും ഐസക്ക് പറഞ്ഞു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എതിരെയും ധനമന്ത്രി വിമര്‍ശനം ഉന്നയിച്ചു. പ്രതിപക്ഷ നേതാവ് മൗനം വെടിയണമെന്നും കേരള സര്‍ക്കാരിനെ വീഴ്ത്താന്‍ പ്രതിപക്ഷവും ഇ.ഡിയും തമ്മില്‍ എന്തെങ്കിലും ഏര്‍പ്പാടുണ്ടോയെന്നും ഐസക്ക് ആരാഞ്ഞു. അതുകൊണ്ടാണോ ഈ മൗനമെന്നും അദ്ദേഹം ചോദിച്ചു.