പട്ടിണിക്കിട്ടു, ഉപദ്രവിച്ചു, ഗര്‍ഭിണിയായിരുന്ന തന്റെ അടിവയറിനിട്ട് ചവിട്ടി അബോര്‍ഷനാക്കി. ഭര്‍തൃവീട്ടിലെ ക്രൂരതകള്‍ എണ്ണിപ്പറയുകയാണ് കൊച്ചിയില്‍ ഭര്‍ത്താവും വീട്ടുകാരും കൈയൊഴിഞ്ഞ യുവതി. വീട്ടില്‍ കയറ്റാത്തതിനെ തുടര്‍ന്ന് പെരുവഴിയിലായ ഇരുപത്തേഴുകാരിയെ കുറിച്ച് മാതൃഭൂമി വാര്‍ത്ത നല്‍കിയിരുന്നു. 

കലൂര്‍ ബാങ്ക് റോഡ് മണപ്പുറത്ത് വീട്ടില്‍ ഓസ്വിന്‍ വില്യം കൊറയയും കുടുംബവുമാണ് യുവതിയെ പുറത്താക്കി വീട് പൂട്ടിയത്. ഓസ്വിന്‍ സൗഹൃദംനടിച്ച് കൂടെക്കൂടി മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചെന്നാണ് യുവതി ആരോപിക്കുന്നത്.പോലീസില്‍ പരാതിപ്പെടുമെന്നായപ്പോള്‍ കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ രജിസ്റ്റര്‍വിവാഹം ചെയ്തു. തുടര്‍ന്ന് ആലുവ എടത്തലയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ജോലിചെയ്ത് സമ്പാദിച്ച പണവും സ്വര്‍ണവും തട്ടിയെടുത്തു. തന്റെ പേരില്‍ ലോണുകളുമെടുത്തു. ശാരീരിക പീഡനത്തെത്തുടര്‍ന്ന് ആരോഗ്യം മോശമായപ്പോള്‍ തന്നെ ഉപേക്ഷിച്ച് സെപ്റ്റംബര്‍ 23-ന് വാടകവീട്ടില്‍നിന്ന് ഭര്‍ത്താവ് സ്വന്തം വീട്ടിലേക്ക് പോയി.

പരാതിപ്പെട്ടപ്പോള്‍ ഭര്‍ത്താവിന്റെ വീട്ടില്‍ താമസിപ്പിക്കണമെന്ന് ആലുവ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് നല്‍കി. ഉത്തരവുമായി സമീപിച്ചെങ്കിലും എറണാകുളം നോര്‍ത്ത് പോലീസ് ഉദാസീനത പുലര്‍ത്തുകയാണെന്നും യുവതി പറയുന്നു.