തിരുവനന്തപുരം: ദോഹയില്‍നിന്ന് തിരുവനന്തപുരത്തേക്ക് ഞായറാഴ്ച പ്രവാസികളെ എത്തിക്കാന്‍ നിശ്ചയിച്ചിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ പ്രത്യേക വിമാനം റദ്ദാക്കി. വിമാനത്തിന് ഖത്തര്‍ അനുമതി നല്‍കാതിരുന്നതിനെ തുടര്‍ന്നാണിത്. പ്രവാസികള്‍ വിമാനത്താവളത്തില്‍ എത്തിയതിന് ശേഷമാണ് വിവരം അറിഞ്ഞത്. ഗര്‍ഭിണികള്‍ അടക്കമുള്ളവര്‍ ഇതുമൂലം ബുദ്ധിമുട്ടിലായി. വിമാന സര്‍വീസ് ചൊവ്വാഴ്ച ഉണ്ടാകുമെന്നാണ് വിവരം. ഖത്തര്‍ ആഭ്യന്തര മന്ത്രാലയം വിമാനത്തിന് ലാന്‍ഡ് ചെയ്യാന്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് വിമാനം റദ്ദാക്കേണ്ടി വന്നതെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. അനുമതി നിഷേധിച്ചതിന്റെ കാരണം വ്യക്തമല്ല.

വിമാന സര്‍വീസ് അടുത്ത ചൊവ്വാഴ്ച നടത്താന്‍ കഴിയുമെന്നും കളക്ടര്‍ പറഞ്ഞു. എന്നാല്‍ സമയത്തിന്റെ കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല. തിരുവനന്തപുരം വിമാനത്താവളത്തില്‍ എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കിയിരുന്നു. മൊക്ക് ഡ്രില്‍ അടക്കമുള്ളവ നടത്തി. വിമാനത്തിന് അനുമതി നിഷേധിക്കപ്പെട്ടതിന്റെ കാരണം ആരായാന്‍ എംബസിയുമായി ബന്ധപ്പെട്ടു വരികയാണെന്നും കളക്ടര്‍ പറഞ്ഞു.