സിനിമയിലും പ്രോ​ഗ്രാമുകളിലും മാത്രമേ ചിരിക്കാറുള്ളൂ എന്നും വീട്ടിൽ സീരിയസാണെന്നും നടൻ ധർമജൻ ബോൾ​ഗാട്ടി. എന്താണ് ഇത്ര ​ഗൗരവമെന്ന് ഭാര്യയും മക്കളും വരെ ചോദിക്കാറുണ്ട്. രാഷ്ട്രീയത്തെ വളരെ ​ഗൗരവമായി സമീപിക്കുന്നയാളാണ് താനെന്നും ധർമജൻ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

കെ.എസ്.യു ജില്ലാ സെക്രട്ടറിയായിരുന്നു. നാട്ടിൽത്തന്നെ യൂത്ത് കോൺ​ഗ്രസിന്റെ ജനറൽ സെക്രട്ടറിയായിരുന്നു. സേവാദളിൽ സജീവമായുണ്ടായിരുന്നു. കുടിവെള്ള പ്രശ്നവുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തിൽ പങ്കെടുത്ത് ജയിലിൽ കിടന്നിട്ടുണ്ട്. രാഷ്ട്രീയവും സിനിമയും മീൻ കച്ചവടവും ബന്ധപ്പെട്ടുകിടക്കുന്നു. ഏത് രാഷ്ട്രീയക്കാരനാണ് സിനിമയും മീനും ഇഷ്ടമില്ലാത്തതെന്ന് അദ്ദേഹം ചോദിച്ചു. 

മറ്റുനടന്മാർ രാഷ്ട്രീയത്തിലേക്ക് വരുമ്പോഴില്ലാത്ത വിമർശനം താനും രമേഷ് പിഷാരടിയും വരുമ്പോഴുണ്ടാകുന്നു എന്നത് പ്രശ്നമാണ്. ആളുകളുടെ കാഴ്ചപ്പാടിന്റെ പ്രശ്നമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക് പോയിക്കഴിഞ്ഞാൽ ആ പാർട്ടിയാണ് കലാകാരന്മാരുടെ ഉറവിടം എന്ന് കുറേ പേർ ചിന്തിക്കുന്നുണ്ട്. അവരാണ് വിമർശിക്കുന്നത്. ശരിക്കും ഒരു സർവേ നടത്തിക്കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കലാകാരന്മാരുള്ളത് കോൺ​ഗ്രസിലായിരിക്കുമെന്നും ധർമജൻ പറഞ്ഞു.