തിരുവനന്തപുരം: ലോക്ക്ഡൗണ്‍ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ദേവസ്വം ബോര്‍ഡ് 3000 ഏക്കര്‍ ഭൂമിയില്‍ കൃഷി ചെയ്യുന്നു. ദേവഹരിതം പദ്ധതിയിലൂടെ ഭൂമിയ്ക്ക് അനുയോജ്യമായ വിള കൃഷി ചെയ്യും. ബോര്‍ഡ് വക തരിശു ഭൂമിയിലാണ് കൃഷി ചെയ്യുന്നത്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ബോര്‍ഡ് വക ഭൂമിയിലാണ് കൃഷ ഇറക്കുന്നത്. 

ഓരോ പ്രദേശത്തിനും അനുയോജ്യമായ കൃഷിയായിരിക്കും ഇറക്കുക. തെങ്ങ്, നെല്ല്, വാഴ, പഴവര്‍ഗങ്ങള്‍, മരച്ചീനി, തീറ്റപ്പുല്ല്, പച്ചക്കറി, ഔഷധ സസ്യങ്ങള്‍, പൂച്ചെടികള്‍ എന്നിവയാണ് കൃഷി ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. കാലവര്‍ഷത്തിന് മുമ്പ് കൃഷി ഇറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.