കോവിഡ് വൈറസ് വകഭേദങ്ങളായ ആല്‍ഫയേയും ബീറ്റയേയും ഗാമയേയും കീഴ്‌പ്പെടുത്തുന്ന വിധം ഡെല്‍റ്റ ശക്തി പ്രാപിച്ചെന്ന് ലോകാരോഗ്യ സംഘടന. ഡെല്‍റ്റ കൂടുതല്‍ കരുത്ത് നേടുന്നത് ആശങ്കപ്പെടുത്തുന്നുണ്ടെന്നും ലോകാരോഗ്യ സംഘടനയുടെ കോവിഡ് 19 ടെക്‌നിക്കല്‍ ലീഡര്‍ മരിയ വാന്‍ ഖെര്‍ക്കോവ് പറഞ്ഞു.. 

നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളില്‍ ആല്‍ഫ, ബീറ്റ, ഗാമ വകഭേദങ്ങളുടെ സാന്നിധ്യം ഒരു ശതമാനത്തില്‍ താഴെയാണെന്നും ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് ഡെല്‍റ്റയാണെന്നുമാണ് വ്യക്തമാവുന്നത്. 185 രാജ്യങ്ങളിലാണ് ഡെല്‍റ്റയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുള്ളത്. 

ഇന്ത്യയിലും യു.കെയിലും ഇതിനകം പ്രബലമായ ഡെല്‍റ്റ അമേരിക്കയിലും കേസുകള്‍ കൂടുന്നതിന് കാരണമായി. ആല്‍ഫ, ബീറ്റ, ഗാമ, ഡെല്‍റ്റ വകഭേദങ്ങള്‍ കൂടാതെ ഐറ്റ, ലോട്ട, കാപ്പ വകഭേദങ്ങള്‍ കൂടി നിരീക്ഷിക്കുന്നുണ്ടെന്നും എന്നാല്‍ ഇവയുടെ സാന്നിധ്യം കുറവാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.