ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് തമിഴ്‌നാടിന്റെ തീരപ്രദേശങ്ങളിൽ കനത്ത ജാഗ്രത. നിവാർ എന്ന് പേരിട്ട ചുഴലിക്കാറ്റ് നവംബർ 25-ന് ചെന്നൈയ്ക്കും പുതുച്ചേരിക്കും ഇടയിൽ കര തൊടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്. 

ചെന്നൈ ഉൾപ്പെടെ ആറ് ജില്ലകളിലും പുതുച്ചേരിയിലും കാറ്റ് നാശം വിതയ്ക്കാൻ സാധ്യതയുണ്ട്. ചെന്നൈയ്ക്ക് 740 കിലോ മീറ്റർ അകലെയാണ് ന്യൂനമർദ്ദം ഇപ്പോഴുള്ളത്. 24 മണിക്കൂറിനകം ഇത് ചുഴലിക്കാറ്റായി മാറി നവംബർ 25-ന് കര തൊടും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. ഉച്ചയ്ക്ക് ശേഷമാകും ചുഴലിക്കാറ്റ് കര തൊടുക. 

ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്തിനും കാരയ്ക്കലിനും ഇടയിൽ കര തൊടുമ്പോൾ 60 മുതൽ 120 വരെ കിലോ മീറ്റർ വേഗത നിവാർ ചുഴലിക്കാറ്റിന് ഉണ്ടാകും എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.