ബുറെവി ചുഴലിക്കാറ്റിന്റെ വേഗത കുറഞ്ഞു. ഇതോടെ തെക്കന്‍ കേരളത്തില്‍ പ്രഖ്യാപിച്ച ചുവപ്പ് ജാഗ്രത പിന്‍വലിച്ചു. പത്തു ജില്ലകളില്‍ വെള്ളിയാഴ്ച യെല്ലോ അലര്‍ട്ട് മാത്രം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ശ്രീലങ്കയില്‍ വീശിയ ബുറെവി ചുഴലിക്കാറ്റ് കേരളതീരം തൊടുമ്പോള്‍ തിരുവനന്തപുരം മുതല്‍ ഇടുക്കിവരെയുള്ള ജില്ലകളില്‍ അതിശക്തമായ കാറ്റിനും തീവ്രമഴയ്ക്കും സാധ്യതയെന്നു മുന്നറിയിപ്പുണ്ട്. ദുരന്തം നേരിടാന്‍ എല്ലാം സജ്ജമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

പ്രവചിച്ചതില്‍നിന്നു വ്യത്യസ്തമായി ചുഴലിക്കാറ്റിന്റെ ശക്തി തെക്കന്‍ തമിഴ്‌നാട്ടില്‍ കരയില്‍ കടക്കുംമുന്‍പുതന്നെ കുറഞ്ഞിരുന്നു. കേരളത്തിലെത്തുന്നതോടെ വീണ്ടും ശക്തികുറഞ്ഞ് ന്യൂനമര്‍ദമാകും. കാറ്റിന്റെ വേഗം മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെയായിരിക്കും.