തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്ര ന്യൂനമര്‍ദം കൂടുതല്‍ ശക്തിപ്രാപിച്ച് ബുറേവി ചുഴലിക്കാറ്റായി മാറിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കന്‍ കേരളം -തെക്കന്‍ തമിഴ്‌നാട് തീരങ്ങള്‍ക്ക് ചുഴലിക്കാറ്റ് സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

ന്യൂനമര്‍ദം കഴിഞ്ഞ ആറ് മണിക്കൂറായി മണിക്കൂറില്‍ ഒമ്പത് കി.മീ. വേഗതയില്‍ പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ശ്രീലങ്കന്‍ തീരത്ത് നിന്ന് ഏകദേശം 400 കി.മീ ദൂരത്തിലും കന്യാകുമാരിയില്‍ നിന്ന് ഏകദേശം 800 കി.മീ ദൂരത്തിലും എത്തിയിട്ടുള്ളതായി മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. അടുത്ത 12 മണിക്കൂറില്‍ ഇത് കൂടുതല്‍ ശക്തി പ്രാപിച്ച് ബുധനാഴ്ച വൈകീട്ടോടെ ശ്രീലങ്കന്‍ തീരം കടക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. 

ശ്രീലങ്കന്‍ തീരത്തെത്തുമ്പോള്‍ കാറ്റിന്റെ പരമാവധി വേഗത മണിക്കൂറില്‍ ഏകദേശം 75 മുതല്‍ 85 കി.മീ വരെ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.