കോവിഡ് മൂലം ദുരിതത്തിലായിരിക്കുന്നത് മനുഷ്യര്‍ മാത്രമല്ല കുതിരകള്‍ കൂടിയാണ്. ചെന്നൈ മറീനാ ബീച്ചില്‍ ഒരു തവണയെങ്കിലും പോയവര്‍ക്ക് അറിയാം കുതിരയുമായി ചിലര്‍ സവാരിക്കായി മാടിവിളിക്കുന്നത്. ഇവര്‍ ഇന്ന് ദുരിതത്തിലാണ്. നിറയെ ആളുകളുണ്ടായിരുന്ന മറീനാ ബീച്ചില്‍ ഇന്ന് ആരുമില്ല. ഇതോടെ ദുരിതത്തിലായിരിക്കുന്നത് കുതിരസവാരിക്കായി കുതിരകളെ പോറ്റുന്നവര്‍  കൂടിയാണ്.

കോവിഡ് കേസുകള്‍ കുറഞ്ഞിട്ടും ഇളവുകളില്ലാത്ത സാഹചര്യമാണുള്ളത്. ബീച്ച് എട്ട് മാസമായി തുറക്കുന്നില്ല, ഭക്ഷണത്തിന് തന്നെ കഷ്ടപെടുകയാണെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. മറീനയില്‍ കുതിരസവാരിക്ക് കുട്ടികള്‍ക്ക് 50 രൂപയും മുതിര്‍ന്നവര്‍ക്ക് 100 രൂപയുമാണ്. വിദേശ സഞ്ചാരികള്‍ എത്തിയാല്‍ കോളാണ്. ചിലപ്പോള്‍ അയ്യായിരം രൂപ വരെ കിട്ടിയേക്കാം.

തീരത്തെ മണലുകള്‍ തിരകള്‍ കൊണ്ടുപോകുന്നത് പോലെ കോവിഡും ഇവരുടെ ജീവിതം കവര്‍ന്നെടുത്തിരിക്കുകയാണ്. നഗരത്തിലെ ഉത്തരേന്ത്യന്‍ കല്യാണങ്ങളാണ് ഇവരുടെ മറ്റൊരു വരുമാനമാര്‍ഗം. കല്യാണങ്ങളില്‍ ആഘോഷങ്ങള്‍ ഇല്ലാത്തതിനാല്‍ ആ വരുമാനവും നിലച്ചു. ചിലര്‍ തലമുറകളായി കുതിരസവാരി നടത്തിയാണ് കുടുംബം പോറ്റുന്നത്. ഇതാണ് കോവിഡ് കാലത്ത് ഇല്ലാതായിരിക്കുന്നത്.

Content Highlights: crisis for horse riders in chennai marina beach