ഡ്രോൺ പടക്കം, വിവിധതരം പൂത്തിരികൾ, ഡിജിറ്റൽ... ഈ വിഷു കളറാക്കാൻ  വിപണിയിലെത്തിയ ഇനങ്ങളിലെ താരങ്ങളാണിവ. അപകടമുണ്ടാക്കാത്തതും മലിനീകരണം കുറഞ്ഞതുമായ ഉത്പ്പന്നങ്ങളാണ് കോഴിക്കോട്ടെ പടക്ക വിപണിയെ വേറിട്ടതാക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു.

കോവിഡ് കാലത്തെത്തിയ രണ്ടാമത്തെ വിഷുവിനെ സ്വീകരിച്ച മട്ടാണ് ജനം. എല്ലാവരും ആഘോഷങ്ങൾക്കായുള്ള തയ്യാറെടുപ്പിലാണ്. പടക്കവിപണിയിലാണ് ഇതേറ്റവും പ്രകടമാവുന്നത്. നല്ല തിരക്കാണ് കോഴിക്കോട്ടെ പടക്കവില്പനശാലകളിൽ അനുഭവപ്പെടുന്നത്. കോവിഡ് കാലമായതിനാൽ പലയിടങ്ങളിലും ഉപഭോക്താക്കളെ താപപരിശോധനയ്ക്ക് വിധേയരാക്കിയ ശേഷം മാത്രമാണ് സാധനങ്ങൾ വാങ്ങാൻ അനുവദിക്കുന്നത്. എങ്കിലും മിക്ക കടകളിലും പടക്കം വാങ്ങാനുള്ള നീണ്ട നിരയായിരുന്നു.

കൊറോണ കാരണം കഴിഞ്ഞ വിഷുക്കാലത്ത് വ്യാപാരികൾക്ക് വൻനഷ്ടമായിരുന്നു സംഭവിച്ചത്. ആ നഷ്ടം ഇത്തവണത്തെ വിഷുവിന് നികത്താമെന്ന പ്രതീക്ഷയിലാണ് ജില്ലയിലെ പടക്കവിൽപ്പനക്കാർ.