പ്രധാനമന്ത്രി നരേന്ദ്രമോദി കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. ഡല്‍ഹി എയിംസില്‍ ആണ് പ്രധാനമന്ത്രി വാക്‌സിന്‍ സ്വീകരിച്ചത്. പുതുച്ചേരി സ്വദേശിനിയായ സിസ്റ്റര്‍ നിവേദിതയാണ് പ്രധാനമന്ത്രിക്ക് വാക്‌സിന്‍ നല്‍കിയത്.  

അര്‍ഹരായ എല്ലാവരും വാക്‌സിന്‍ സ്വീകരിക്കണമെന്ന് വാക്‌സിനെടുത്തതിന് പിന്നാലെ മോദി പറഞ്ഞു. രാജ്യത്ത് രണ്ടാംഘട്ട കോവിഡ് വാക്‌സിന്‍ കുത്തിവെയ്പ്പ് ആരംഭിക്കുന്നതിന്റെ ഭാഗമായാണ് മോദി വാക്‌സിന്‍ സ്വീകരിച്ചത്. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45 വയസിന് മുകളിലുള്ള രോഗബാധിതര്‍ക്കുമാണ് ഇന്നുമുതല്‍ വാക്‌സിന്‍ കുത്തിവെയ്പ്പ് ആരംഭിക്കുന്നത്. 

'എയിംസില്‍ നിന്ന് കോവിഡ് വാക്‌സിന്റെ ആദ്യഡോസ് സ്വീകരിച്ചു. കോവിഡിനെതിരേയുള്ള ആഗോള പോരാട്ടം ശക്തിപ്പെടുത്തുന്നതിന് നമ്മുടെ ഡോക്ടര്‍മാരും ശാസ്ത്രജ്ഞരും അതിവേഗത്തില്‍ പ്രവര്‍ത്തിച്ചത് ശ്രദ്ധേയമാണ്. അര്‍ഹരായ എല്ലാവരും വാക്‌സിന്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. നമുക്ക് ഒരുമിച്ച് ഇന്ത്യയെ കോവിഡ് മുക്തമാക്കാം' - മോദി ട്വീറ്റ് ചെയ്തു.