കോവിഡ് ബോധവത്‌ക്കരണത്തിനായി എറണാകുളം ബ്രോഡ് വേയിൽ സ്ഥിരം അനൗൺസ്മെന്റ് സംവിധാനം ഏർപ്പെടുത്തിയിരിക്കുകയാണ് സിറ്റി പോലീസ്. ബോധവത്‌ക്കരണത്തിന് പുറമേ മാർക്കറ്റിൽ എവിടെയെങ്കിലും തിരക്ക് കൂടുതൽ അനുഭവപ്പെട്ടാലോ കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നതായി ശ്രദ്ധയിൽപെട്ടാലോ അക്കാര്യവും തത്സമയം ഉച്ചഭാഷിണിയിലൂടെ അറിയിക്കും. പട്രോളിങ് സംഘവും അനൗൺസ്മെന്റ് കേന്ദ്രവും തമ്മിലുള്ള ഏകോപനത്തിലൂടെയാണ് ഇത് സാധ്യമാക്കുന്നത്. മാർക്കറ്റ് പ്രവർത്തിക്കുന്ന മുഴുവൻ സമയവും അനൗൺസ്മെന്റ് സംവിധാനവും ഉണ്ടാകുമെന്ന് അസിസ്റ്റന്റ് കമ്മിഷണർ ലാൽജി പറഞ്ഞു.
കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ച ബ്രോഡ് വേ ഉൾപ്പെടെയുള്ള എറണാകുളം മാർക്കറ്റ് മൂന്നാഴ്ച മുമ്പാണ് നിയന്ത്രണങ്ങളോടെ തുറന്നത്. ഇതിനു ശേഷം ഇവിടെ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഓണം അടുക്കുന്നതോടെ മാർക്കറ്റ് കൂടുതൽ സജീവമാകും. ആളുകൾ കൂടുന്നതിനാൽ മാർക്കറ്റിലേക്ക് ഒരു എൻട്രി കൂടി അനുവദിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ കൂടുതൽ ജാഗ്രത പാലിക്കുന്നതിനായാണ് സ്ഥിരം അനൗൺസ്മെന്റ് സംവിധാനം ഉൾപ്പെടെ ഏർപ്പെടുത്തിയത്. വ്യാപനം കുറയുന്നതനുസരിച്ച് മാർക്കറ്റിലെ കൂടുതൽ മേഖലകൾക്ക് പ്രവർത്തനാനുമതി നൽകുമെന്ന് പോലീസ് അറിയിച്ചു.