ആംഡ് പോലീസ് ബറ്റാലിയനിലെ പോലീസുകാരെ തെരുവ് നായ്ക്കളോട് ഉപമിച്ച് വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ മൂന്ന് പൊലീസുകാര്‍ക്കെതിരെ അച്ചടക്കനടപടിക്ക് ഐ.ജിയുടെ ഉത്തരവ്. തൃശ്ശൂർ സിറ്റിയിലെ സി.പി.ഓ ശ്രീജിത്ത്, കോട്ടയം സ്റ്റേഷനിലെ ​ഗ്രേഡ് എസ്.ഐ ചന്ദ്രബാബു, വർക്കല സ്റ്റേഷനിലെ സി.പി.ഓ വിനോദ് എന്നിവർക്കെതിരെയാണ് ഐ.ജി. ഹർഷിത അട്ടല്ലൂരി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. കൊല്ലം സിറ്റി സ്പെഷൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർക്കാണ് അന്വേഷണച്ചുമതല. 

മൂന്ന് ഉ​ദ്യോ​ഗസ്ഥരും നേരത്തെ കൊല്ലം സിറ്റി പോലീസിന് കീഴിലായിരുന്നു ജോലി ചെയ്തിരുന്നത്. കാവൽ കരുനാ​ഗപ്പള്ളി എന്ന വാട്ട്സാപ്പ് ​ഗ്രൂപ്പിലാണ് ഈ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്. ബോധപൂർവം ആംഡ് പോലീസ് ബറ്റാലിയന്റെ പോലീസുദ്യോ​ഗസ്ഥരെ അപമാനിക്കാൻ വേണ്ടി തയ്യാറാക്കിയ വീഡിയോ ആണെന്നാണ് ഐ.ജിയുടെ കണ്ടെത്തൽ. അതിന്റെ അടിസ്ഥാനത്തിലാണിപ്പോൾ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.