ബിജെപി വിരുദ്ധ പോരാട്ടത്തിന്റെ അമരത്ത് കോണ്‍ഗ്രസാണെന്ന സന്ദേശം നല്‍കുകയാണ് ഉമ്മന്‍ ചാണ്ടിയെ നേമത്തോ വട്ടിയൂര്‍കാവിലോ മത്സരിപ്പിക്കുക വഴി കോണ്‍ഗ്രസ് ഉന്നംവെച്ചത്. ഉമ്മന്‍ ചാണ്ടിയെ മുന്‍നിര്‍ത്തി തെക്കന്‍ കേരളത്തില്‍ തിരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാമെന്നും നേതൃത്വം കണക്കുകൂട്ടി. ഡല്‍ഹി ചര്‍ച്ചകളില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളി മാറ്റമെന്ന ആശയം മുന്നോട്ടുവെച്ചത്.

കേരളത്തിലാദ്യമായി ബിജെപിയെ നിയമസഭയിലെത്തിച്ച നേമം, സംഘപരിവാര്‍ സംഘടനകള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള വട്ടിയൂര്‍കാവ് എന്നീ മണ്ഡലങ്ങളില്‍ ബിജെപിയുടെ സ്വാധീനം കുറയ്ക്കുക എന്ന ലക്ഷ്യമാണ് ഉമ്മന്‍ ചാണ്ടിയുടെ മണ്ഡലമാറ്റത്തിന് പിന്നില്‍. ബിജെപി വിരുദ്ധ പോരാട്ടത്തിനായി ഏതറ്റം വരെയും പോകുമെന്ന സന്ദേശം നല്‍കുകയായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ലക്ഷ്യം. 

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ 30 മണ്ഡലങ്ങളില്‍ മൂന്നെണ്ണമാണ് യുഡിഎഫിന്റെ കൈയിലുള്ളത്. കോന്നി കൈവിട്ടതോടെ പത്തനംതിട്ടയില്‍ യുഡിഎഫ് സാന്നിധ്യമില്ല. ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്തെത്തുമ്പോള്‍ തെക്കന്‍ ജില്ലകളില്‍ 15 സീറ്റെങ്കിലും കിട്ടുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ. എന്നാല്‍ തിരുവനന്തപുരത്ത് മത്സരിക്കുമെന്ന പ്രചരണത്തെ ഉമ്മന്‍ചാണ്ടി തള്ളി.