ഐഎസ്ആര്‍ഒ മേധാവി കെ ശിവന്റെ മകന്‍ എസ് സിദ്ധാര്‍ത്ഥിന് ചട്ടങ്ങള്‍ മറികടന്നു നിയമനം നല്‍കിയതായി കേന്ദ്ര വിജിലന്‍സ് കമ്മീഷന്  പരാതി. തിരുവനന്തപുരം വലിയമലയിലുള്ള ലിക്വിഡ് പ്രോപ്പല്‍ഷന്‍ സിസ്റ്റം സെന്ററിലാണ് സിദ്ധാര്‍ഥിന് സിസ്റ്റം എന്‍ജിനീയറായി ജോലി ലഭിച്ചിരിക്കുന്നത്. 

എല്‍.പി.എസ്.സി ഡയറക്ടര്‍ ഡോക്ടര്‍ വി നാരായണനാണ് പരാതി നല്‍കിയത്. ഐ.എസ്.ആര്‍.ഒ മേധാവിയുടെ മകനെന്ന നിലയില്‍ സിദ്ധാര്‍ത്ഥിന് ജോലി ലഭിക്കാന്‍ ഗൂഢാലോചന നടന്നു. ഐഎസ്ആര്‍ഒ മേധാവി കെ ശിവന് ജനുവരി 14 ന് പദവിയില്‍ നിന്ന് വിരമിക്കാനിരിക്കെ ആണ് തിടുക്കപ്പെട്ടുള്ള നിയമനമെന്നും പരാതിയില്‍ പറയുന്നു.

എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ കെ.ശിവന് ഒരു വര്‍ഷം കൂടി കാലാവധി നീട്ടിനല്‍കുകയായിരുന്നു. നിയമനവുമായി ബന്ധപ്പെട്ട് നടക്കേണ്ട എഴുത്തുപരീക്ഷ, അഭിമുഖ പരീക്ഷ, സ്‌ക്രീനിങ്  എന്നിവ പാലിച്ചില്ലെന്നും പരാതിയില്‍ പറയുന്നു. എല്‍.പി.എസ്.സി ഡയറക്ടറുടെ പരാതിയില്‍ വിജിലന്‍സ് അന്വേഷണമാരംഭിച്ചു.