ഒടുവിലതു സംഭവിച്ചു, കുടിവെള്ളവും വെറുമൊരു കച്ചവടച്ചരക്കായി. സ്വർണത്തിന്റെയും അസംസ്കൃത എണ്ണയുടെയുമൊക്കെ വഴിയേ വെള്ളത്തിന്റെയും അവധിവ്യാപാരം (കമോഡിറ്റി ഫ്യൂച്ചേഴ്‌സ്) ആരംഭിക്കുന്നു. വെള്ളത്തിന് ഏറ്റവുമധികം ക്ഷാമം നേരിടാൻപോകുന്ന രാജ്യങ്ങളിലൊന്നായ അമേരിക്കയാണ് ഇതിന്റെ വ്യാപാരത്തിനു തുടക്കമിട്ടിരിക്കുന്നത്.
വിപണി വിലയനുസരിച്ച് വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന ഉത്പന്നമാവും ഇതോടെ വെള്ളം. എല്ലാ അതിർത്തികളും ലംഘിച്ച് വില ഉയരുകയും ചെയ്യും. അടുത്ത ലോകയുദ്ധം വെള്ളത്തിനുവേണ്ടിയായിരിക്കുമെന്ന പ്രവചനങ്ങൾക്കിടെയാണ് ഈ കച്ചവടം. ഷിക്കാഗോ ആസ്ഥാനമായുള്ള ‘ഷിക്കാഗോ മെർക്കന്റൈൽ എക്‌സ്‌ചേഞ്ച്’ (സി.എം.ഇ.) ആണ് വെള്ളത്തിന്റെ അവധിവ്യാപാര കരാറിനു തുടക്കംകുറിക്കുന്നത്. ജലത്തിന് സമീപഭാവിയിൽത്തന്നെ ഉണ്ടായേക്കാവുന്ന ദൗർലഭ്യം മുതലാക്കുകയാണു ലക്ഷ്യം. 2025-ഓടെ ലോകജനസംഖ്യയുടെ മൂന്നിൽരണ്ടും ജലദൗർലഭ്യം നേരിടുമെന്നാണു കണക്കാക്കുന്നത്.
കിട്ടാൻ ബുദ്ധിമുട്ടേറുന്തോറും ഏതൊരുത്പന്നത്തിന്റെയും മൂല്യമേറും. അതേ മാതൃകയിൽ വെള്ളത്തിനും വില വൻതോതിൽ കൂടുമെന്ന പ്രതീക്ഷയിലാണ് സി.എം.ഇ. അമേരിക്കയിലെ പ്രശസ്ത ധനകാര്യ വിപണിയായ വാൾ സ്ട്രീറ്റിൽ വെള്ളത്തിന്റെ അവധിവ്യാപാരം തുടങ്ങുന്നത്. നിലവിൽ അമേരിക്കയിൽ മാത്രമാണ് ഇതിന്റെ വ്യാപാരമെങ്കിലും ഇതിന്റെ വിലവ്യതിയാനം ലോകമാകമാനം ഒരു സൂചികയായിമാറാനാണു സാധ്യത.