ഉത്തരേന്ത്യയില്‍ അതിശൈത്യം. ഡല്‍ഹി അടക്കമുളള സംസ്ഥാനങ്ങളില്‍ കനത്ത തണുപ്പില്‍ ജനജീവിതം ദുസ്സഹമായി. ശക്തമായ മൂടല്‍മഞ്ഞില്‍ കാഴ്ച്ചപരിധി കുറഞ്ഞത് റോഡ്, റെയില്‍, വ്യോമ ഗതാഗതത്തെ ബാധിച്ചു.

പുതുവര്‍ഷാരംഭത്തില്‍ തണുത്ത് വിറയ്ക്കുകയാണ് ഉത്തരേന്ത്യ. ജമ്മു-കാശ്മീര്‍, ലഡാക്ക്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ മഞ്ഞ് വീഴ്ചയ്‌ക്കൊപ്പം ശീതക്കാറ്റും ആഞ്ഞടിച്ചതാണ് തണുപ്പ് കൂടാന്‍ കാരണം. 

ഡല്‍ഹിയില്‍ 14 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ താപനില 1.1 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. തുടര്‍ച്ചയായി നാലാം ദിവസവും സംസ്ഥാനത്ത് ശീതതരംഗ പ്രതിഭാസം തുടരുകയാണ്. മൂടല്‍മഞ്ഞില്‍ കാഴ്ച പരിധി 200 മീറ്റര്‍ ആയി ചുരുങ്ങി.