കൊടകര കുഴൽപ്പണക്കേസിൽ ആ ഇടപാടിനേക്കുറിച്ച് ബി.ജെ.പി നേതാക്കൾക്കറിയാമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ. ഇത് കൊണ്ടുവന്നതാര് എന്ന ഭാ​ഗം വ്യക്തമാവുകയാണ്. അതുകൊണ്ടാണ് സുരേന്ദ്രന് സാക്ഷിയാകേണ്ടിവന്നത്. എന്നാൽ ഈ പണമിടപാടുമായി ബന്ധപ്പെട്ട അന്വേഷണം തുടർന്ന് നടക്കേണ്ടതുണ്ട്. അത് നടക്കുമ്പോൾ അതുമായി ബന്ധപ്പെട്ട തെളിവുകളുടെ ഭാ​ഗമായി ഇവർ തന്നെ പ്രതികളായും മാറിയേക്കാമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര ഏജൻസികളെ ഏതുകാര്യത്തിനും വല്ലാതെ ആശ്രയിക്കുന്ന നില കുറച്ച് മാസങ്ങളായി യു.ഡി.എഫിനുണ്ട്. ബി.ജെ.പിയുടെ കള്ളപ്പണക്കേസിൽ അത് അവരുടെ പണം തന്നെയാണെന്ന് അന്വേഷിച്ച് കണ്ടെത്തിക്കഴിഞ്ഞിട്ടുണ്ട്. ആ സംഭവം കേന്ദ്ര ഏജൻസിയേക്കൊണ്ട് അന്വേഷിച്ചാൽ എന്താണ് സംഭവിക്കുകയെന്ന് യു.ഡി.എഫിന് അറിയാത്തതുകൊണ്ടല്ല. പക്ഷേ അവർക്ക് ബി.ജെ.പിയോടും കേന്ദ്ര അന്വേഷണ ഏജൻസികളോടും അത്രത്തോളം വിശ്വാസമാണ്.  എത്രത്തോളം നാണംകെട്ട നിലപാടാണിതെന്നും എങ്ങനെയാണ് ഇത്രയും പച്ചയായി നെറികേട് കാണിക്കാൻ കഴിയുന്നതെന്നും അദ്ദേഹം ചോദിച്ചു.

രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ ആരെയെങ്കിലും പ്രതിയാക്കുകയോ രാഷ്ട്രീയമില്ലാത്തതിന്റെ പേരിൽ ആരെയെങ്കിലും വെറുതെ വിടുകയോ കേരളാ പോലീസ് ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.