നിയമസഭാ കയ്യാങ്കളിക്കേസില്‍ സര്‍ക്കാര്‍ നടപടി ഒരിക്കലും നിയമവിരുദ്ധമല്ലെന്ന് മുഖ്യമന്ത്രി. രാജി ആവശ്യപ്പെട്ട് പ്രതിപക്ഷത്ത് നിന്ന് പി.ടി തോമസ് കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. നിയമസഭാ കയ്യാങ്കളിക്കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ എടുത്ത നടപടി ഒരു തരത്തിലും നിയമവിരുദ്ധമാകില്ലെന്നും സര്‍ക്കാരിന്റെ ഭാഗത്ത് വീഴ്ചയില്ലെങ്കിലും സുപ്രീം കോടതി വിധി അനുസരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അടിയന്തര പ്രമേയം സംബന്ധിച്ച് ആദ്യം വിശദീകരണം നടത്തിയത് മുഖ്യമന്ത്രിയാണ്. ഈ കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ നിയമ വിരുദ്ധമായൊന്നുമില്ല. അതുതന്നെ സര്‍ക്കാരിന് ലഭിച്ച അപേക്ഷയുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തുകയും  കേസ് പിന്‍വലിക്കാന്‍ സര്‍ക്കാരിന് എതിര്‍പ്പില്ലെന്ന് ജില്ലാകളക്ടര്‍മാരെ അറിയിക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിലാണ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കേസ് പിന്‍വലിക്കാനുള്ള അപേക്ഷ നല്‍കിയത്. വിചാരണ കോടതി ഇതുപക്ഷേ അംഗീകരിച്ചില്ല. തുടര്‍ന്ന് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും കേസ് ഫയല്‍ ചെയ്തു.  അതില്‍ ഒരു തെറ്റുമില്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.  കേസ്  പിന്‍വലിക്കാന്‍ സര്‍ക്കാര്‍ എടുത്ത നടപടി ഒരു തരത്തിലും നിയമവിരുദ്ധമല്ല. സര്‍ക്കാര്‍ നടപടിയെ അസാധാരണമായി കാണാനും ആകില്ലെന്നും അദ്ദേഹം പറഞ്ഞു.