മൂന്നാര്‍ ഏരിയാ കമ്മറ്റിക്ക് കീഴിലുള്ള സി.പി.എം ലോക്കല്‍ സെക്രട്ടറിയെ കൊല്ലാന്‍ സി.ഐ.ടി.യു നേതാവ് അഞ്ച് ലക്ഷം രൂപയുടെ ക്വട്ടേഷന്‍ നല്‍കിയതായി ഗുണ്ടാ ലിസ്റ്റില്‍ പേരുള്ള യുവാവിന്റെ വെളിപ്പെടുത്തല്‍. പാര്‍ട്ടി ഓഫീസില്‍ എത്തി യുവാവ് നടത്തിയ വെളിപ്പെടുത്തലിന്റെ വീഡിയോ പ്രചരിച്ചതോടെ ലോക്കല്‍ സെക്രട്ടറി പൊളിറ്റ്ബ്യൂറോയ്ക്കും സംസ്ഥാന സെക്രട്ടറിക്കും പരാതി നല്‍കി. പരാതിക്ക് അടിസ്ഥാനമായ വീഡിയോ ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസിന് ലഭിച്ചു.

സി.ഐ.ടി.യു നേതാവിന്റെ അനധികൃത നിര്‍മാണങ്ങളും കൈയേറ്റങ്ങളും സംബന്ധിച്ച് ലോക്കല്‍ സെക്രട്ടറി പാര്‍ട്ടി നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കിയതാണ് കാരണം. പ്രളയകാലത്ത് മൂന്നാറിലെ ഒരു കെട്ടിടത്തിന് മുകളിലേക്ക് വീണ മണ്ണ് നീക്കാന്‍ വന്‍ തുകയ്ക്ക് കരാര്‍ എടുത്ത ശേഷം അതേമണ്ണ് സര്‍ക്കാര്‍ പദ്ധതിയായ മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലേക്ക് നല്‍കി വലിയ തുക സി.ഐ.ടി.യു നേതാവ് കൈപറ്റിയതായി പാര്‍ട്ടി അന്വേഷണത്തില്‍ കണ്ടെത്തി. സര്‍ക്കാര്‍ ഭൂമി കൈയേറി 20 പ്ലോട്ടുകളാക്കി നടത്തിയ ഭൂമി വില്‍പനയും ലോക്കല്‍ സെക്രട്ടറി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി ഒഴിപ്പിച്ചു. ഇതാണ് ലോക്കല്‍ സെക്രട്ടറിക്കെതിരെ കൊട്ടേഷന്‍ നല്‍കാന്‍ കാരണം. കൊട്ടേഷനേല്‍പിച്ച ചൊക്കനാട് സ്വദേശി ഗുണ്ടയെ സാമ്പത്തിക ഇടപാട് കേസില്‍ സി.ഐ.ടി.യു നേതാവ് ചതിച്ചപ്പോഴാണ് പാര്‍ട്ടി ഓഫീസിലെത്തി കൊട്ടേഷന്‍ വിവരം വെളിപ്പെടുത്തിയത്.