ചൈനയുടെ സ്വന്തം ബഹിരാകാശനിലയമായ ടിയാങോങ്ങിലേക്ക് ആദ്യമനുഷ്യസംഘം വ്യാഴാഴ്ച പുറപ്പെടും. ഷെൻഷൂ-12 പേടകത്തിൽ യാത്ര പുറപ്പെടുന്ന മൂന്നംഗസംഘത്തെ ലോങ്മാർച്ച് 2എഫ് റോക്കറ്റാണ് നിലയത്തിലെത്തിക്കുക. നീ ഹെയ്ഷെങ് (56), ലിയു ബോമിങ് (54), താങ് ഹോങ്ബോ (45) എന്നിവരാണ് സംഘത്തിലുള്ളത്.

മൂന്നുതവണ ബഹിരാകാശയാത്ര നടത്തിയിട്ടുള്ള ഹെയ്ഷെങ്ങാണ് കമാൻഡർ. പോഷകസമൃദ്ധവും സ്വാദുമുള്ള 120 തരം ഭക്ഷണവും വ്യായാമത്തിനായി ‘ ബഹിരാകാശ ട്രെഡ് മില്ലും’ ഇവർ ഒപ്പംകൊണ്ടുപോവുന്നുണ്ട്. മൂന്നുമാസം നിലയത്തിൽ തങ്ങും. വിവിധ പരീക്ഷണങ്ങളിലും ബഹിരാകാശനടത്തത്തിലും സംഘം ഏർപ്പെടും.

മൂവർക്കും താമസിക്കാൻ പ്രത്യേക മൊഡ്യൂളുകളുണ്ട്. ഭക്ഷണം കഴിക്കുന്ന സ്ഥലവും ആശയവിനിമയകേന്ദ്രവും ശൗചാലയവും പങ്കിടും. ഭൂമിയിലുള്ളവരുമായി വീഡിയോ കോൾ ചെയ്യുന്നതിനും ഇ-മെയിൽ അയക്കുന്നതിനുമുള്ള സംവിധാനമുണ്ട്. ചൈനയുടെ മനുഷ്യനെയും വഹിച്ചുള്ള ഏറ്റവും ദൈർഘ്യമേറിയ ബഹിരാകാശദൗത്യം കൂടിയാണിത്.