പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് റിട്ടയേർഡ് ഹെഡ്മിസ്ട്രസിന്റെ കയ്യിൽ നിന്നും സ്വർണ്ണം തട്ടിയ ആൾ പിടിയിൽ. കട്ടപ്പന സ്വദേശി ഡേവിസ് ജോൺ ആണ് പിടിയിലായത്. പ്രേതാലയം എന്ന വാട്ട്സാപ്പ് ​ഗ്രൂപ്പ് വഴിയാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. ഈ ​ഗ്രൂപ്പിലെ അം​ഗങ്ങളിലൊരാളാണ് തട്ടിപ്പിനിരയായ അധ്യാപിക. 

താൻ നിരന്തരം പ്രേതസ്വപ്നങ്ങൾ കാണുന്നു എന്നുപറഞ്ഞ അധ്യാപികയോട് പ്രേതബാധയാണിതെന്നും ഒഴിപ്പിച്ച് തരാമെന്നും പറഞ്ഞ് ഡേവിസ് വിശ്വസിപ്പിക്കുകയായിരുന്നു. ഇതിനായി ഒരുമാസം മുമ്പ് ഇയാൾ കോട്ടയത്തെത്തി. തുടർന്ന് പല പൂജകളും മന്ത്രവിദ്യകളും മഹാമാന്ത്രികൻ എന്ന നിലയിൽ ഇയാൾ നടത്തി. തുടർന്ന് സ്വർണത്തിലേക്ക് ബാധയെ ആവാഹിച്ചുമാറ്റാമെന്ന് പറഞ്ഞ് നാലുപവന്റെ മാല ഊരി വാങ്ങി. 

മുറിയിൽ ബാധയെ അടക്കം ചെയ്തെന്നും 21 ദിവസത്തിനുശേഷം മാത്രമേ തുറക്കാവൂ എന്നും പറഞ്ഞ് മാന്ത്രികൻ വീട്ടിൽ നിന്നും മുങ്ങുകയായിരുന്നു. സംശയം തോന്നിയ അധ്യാപിക കോട്ടയം ഡി.വൈ.എസ്.പിയെ സമീപിക്കുകയായിരുന്നു.