കെ.എസ്.ആർ.ടി.സി ബസ് കാറിലിടിച്ച സംഭവത്തിൽ കാറുടമയ്ക്കെതിരെ കേസെടുത്ത് പോലീസ്. കൊല്ലം ചടയമംഗലം പൊലീസാണ് പരാതിക്കാരനെ കുറ്റക്കാരനാക്കാൻ ശ്രമിക്കുന്നത്. അതേസമയം, മറ്റൊരു കാർ ഉടമയുടെ പരാതിയുടെ  അടിസ്ഥാനത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുക മാത്രമാണുണ്ടായതെന്ന് പോലീസ് വിശദീകരിക്കുന്നു.

ഇക്കഴിഞ്ഞ നാലാം തീയതി വൈകിട്ട് നിയന്ത്രണംവിട്ട കെ.എസ്.ആർ.ടി.സി ബസ് കാറിലേക്ക് പാഞ്ഞുകയറിയത്. തിരുവനന്തപുരം സ്വദേശി ഷൈൻ മാത്യുവിന്റെ കാറിലാണ് ബസ് ആദ്യമിടിച്ചത്. പിന്നീട് എതിർഭാ​ഗത്ത് നിർത്തിയിട്ട കാറിനുമിടിച്ചു. റോഡരികിലെ വൈദ്യുതപോസ്റ്റും ഇടിച്ചുതകർത്താണ് ബസ് നിന്നത്. ഒമ്പതാം തീയതി പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തപ്പോഴാണ് ട്വിസ്റ്റ്. അപകടമുണ്ടാക്കിയ ബസിന് പകരം കാറുടമയായ ഷൈൻ മാത്യുവിനെതിരെയാണ് കേസ്. 

നിർത്തിയിട്ടിരുന്ന കാറിന്റെ ഉടമ പ്രഭു നൽകിയ പരാതിയിലാണ് കേസെടുത്തതെന്നാണ് പോലീസ് പറയുന്നത്. എന്നാൽ താൻ അങ്ങനെയൊരു പരാതി നൽകിയിട്ടില്ലെന്ന് പ്രഭു മാതൃഭൂമി ന്യൂസിനോടുപറഞ്ഞു.