8 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്ക് ഹരിത നികുതി ചുമത്താനുള്ള ശുപാര്‍ശ അംഗീകരിച്ച് കേന്ദ്രസര്‍ക്കാര്‍. നിര്‍ദ്ദേശം അംഗീകരിച്ചതായി കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി. റോഡ് നികുതിയുടെ 10% മുതല്‍ 25% വരെയായിരിക്കും നികുതി ഈടാക്കുക. ഹരിത നികുതി റോഡ് ടാക്സിന്റെ 50% വരെ ഉയര്‍ന്നേക്കുമെന്നും സൂചനയുണ്ട്. 

അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഹരിത നികുതി ചുമത്തുന്നത്. നികുതിപ്പണം മലിനീകരണം കുറയ്ക്കാനുള്ള നടപടികള്‍ക്ക് ഉപയോഗിക്കും. ഇതുകൂടാതെ മലിനീകരണത്തിന് കാരണമാകുന്ന വാഹനങ്ങള്‍ ഘട്ടം ഘട്ടമായി ഒഴിവാക്കുകയും ചെയ്യും. നിര്‍ദ്ദേശം നിയമമാകുന്നതിനുമുമ്പ് സംസ്ഥാന സര്‍ക്കാരുകളുടെ അഭിപ്രായം ആരായും.