വൻകിട കമ്പനികൾക്ക് പെർമിറ്റില്ലാതെ ഏതു റൂട്ടിലും ബസ്സോടിക്കാൻ അനുമതിനൽകി കേന്ദ്രസർക്കാർ ഉത്തരവിറക്കി. ഓൺലൈൻ ടാക്‌സി സർവീസിന് മാർഗനിർദേശങ്ങൾ ഇറക്കിയതിനൊപ്പമാണിത്. കേന്ദ്രനിയമത്തിന് അനുസൃതമായി സംസ്ഥാന സർക്കാരിനും ഉത്തരവിറക്കാമെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ പറയുന്നു.

ഓൺലൈനിൽ വാടക ഈടാക്കി ഏതുതരം വാഹനങ്ങളും ഓടിക്കാം. ഇതോടെ ഓൺലൈൻ ടിക്കറ്റ് നൽകി ഏത് റൂട്ടിലും ബസ് ഓടിക്കാനുള്ള അവകാശം അഗ്രഗേറ്റർ ലൈസൻസ് സമ്പാദിക്കുന്നവർക്ക് കിട്ടും. ഓൺലൈൻ ടാക്‌സി സർവീസിനെ നിയന്ത്രിക്കാൻ ഇറക്കിയ ഭേദഗതി കെ.എസ്.ആർ.ടി.സി. ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ കുത്തക തകർക്കുന്നതാണ്. 

കേന്ദ്രമോട്ടോർവാഹന നിയമഭേദഗതി പ്രകാരം ഓൺലൈൻ ടാക്‌സികളെ നിയന്ത്രിക്കാൻ നിയമനിർമാണത്തിന് നിർദേശിച്ചിരുന്നു. ഇതുപ്രകാരമാണ് കേന്ദ്ര നടപടി.