തമിഴ്നാട്ടിൽ വീണ്ടും കടുത്ത ജാതി വിവേചനം. സര്‍ക്കാര്‍ ഓഫീസിലെത്തി കീഴ്ജാതിക്കാരനായ ജീവനക്കാരനെക്കൊണ്ട് കാല് പിടിച്ച് മാപ്പ് പറയിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. വില്ലേജ് ഓഫീസറായ വനിതാ ഉദ്യോഗസ്ഥയെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനാണ് ജാതി പറഞ്ഞ് അധിക്ഷേപിച്ചതും ഭീഷണിപ്പെടുത്തിയതും. ഇന്നലെയാണ് സംഭവം. കോയമ്പത്തൂര്‍ ജില്ലാ കളക്ടര്‍ വിഷയത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

കോയമ്പത്തൂരിലെ വില്ലേജ് ഓഫീസില്‍ ഭൂമിയുടെ പട്ടയം സംബന്ധിച്ച ആവശ്യത്തിന് എത്തിയതായിരുന്നു ഗൗണ്ടര്‍വിഭാഗക്കാരനായ ഗോപിനാഥ് എന്നയാള്‍. രേഖകള്‍ ശരിയല്ല എന്ന് പറഞ്ഞ വില്ലേജ് ഓഫീസര്‍ കലൈസെല്‍വിയെ അസഭ്യം പറഞ്ഞു.ഇതേ വില്ലേജ് ഓഫീസിലെ ജീവനക്കാരനും ഓഫീസ് അസിസ്റ്റന്റായ മുത്തുസ്വാമി വിഷയത്തില്‍ ഇടപെടുകയും ഒരു സ്ത്രീയോട് അസഭ്യം പറഞ്ഞതിനെ ചോദ്യം ചെയ്യുകയും ചെയ്തു. ഇതില്‍ ക്ഷുഭിതനായ ഗോപിനാഥ് മുത്തുസ്വാമിയെ ജാതി വിളിച്ച് അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു.