ഛത്തീസ്ഗഢിലെ ജയ്ഷ്പുര്‍ നഗറില്‍ ദസറ ആഘോഷത്തിനിടെ ജനക്കൂട്ടത്തിലേക്ക് കാര്‍ ഇടിച്ചുകയറി നാല് മരണം. പതിനാറ് പേരുടെ നില അതീവഗുരുതരമാണ്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെയാണ് പുറത്തുവന്നത്. ദുര്‍ഗ്ഗാദേവിയുടെ വിഗ്രഹം നിമഞ്ജനം ചെയ്യാനായി ജാഥയായി പോയ ജനങ്ങള്‍ക്കിടയിലേക്കാണ് വാഹനം ഇടിച്ചുകയറിയത്.

ഇടിച്ചിട്ടും നിര്‍ത്താതെ പോയ വാഹനം നാട്ടുകാര്‍ തടഞ്ഞു നിര്‍ത്തി തല്ലിത്തകര്‍ത്ത് തീവെച്ചു. വാഹനം ഓടിച്ചിരുന്ന ഡ്രൈവറെ മര്‍ദ്ദിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റവരെ പാതല്‍ഗാവോണ്‍ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.