കുത്തൊഴുക്കുള്ള പുഴ മുറിച്ചുകടക്കുന്നതിനിടെ കാര്‍ ഒഴുകിപ്പോയി. ആന്ധ്രയിലെ അനന്ത്പൂര്‍ ജില്ലയിലെ രാജപുരയിലാണ് സംഭവം. ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയെത്തുടര്‍ന്ന് പുഴകളെല്ലാം നിറഞ്ഞൊഴുകിയിരുന്നു. പലയിടങ്ങളിലും റോഡും തോടും ഒന്നായി. ഇതിനിടയിലാണ് വ്യാഴാഴ്ച സംഭവുമണ്ടായത്. ഒഴുക്ക് മുറിച്ച് കടന്ന് ബസ് പോവുന്നത് കണ്ട് പിന്നാലെ ഇറങ്ങിയതായിരുന്നു കാര്‍. 

പകുതിയിലേറെ പിന്നിട്ടെങ്കിലും കാര്‍ ഒഴുക്കില്‍ പെട്ടു. കാര്‍ മുന്നോട്ടെടുക്കാന്‍ നടത്തിയ ഡ്രൈവറുടെ പരിശ്രമങ്ങളെല്ലാം പാളിയെന്ന് മാത്രമല്ല കാര്‍ കുത്തൊഴുക്കുള്ള പുഴയിലേക്ക് വീഴുകയും ചെയ്തു. അനാവശ്യ സാഹസികത കാണിച്ചതില്‍ ഡ്രൈവറെ പ്രദേശവാസികള്‍ വഴക്ക് പറയുന്നതും വീഡിയോയുടെ തുടക്കം മുതല്‍ കാണാം. ഡ്രൈവറെക്കൂടാതെ മറ്റൊരു യാത്രക്കാരനും കാറിലുണ്ടായിരുന്നു. ഒഴുക്കില്‍പെട്ടെങ്കില്‍ കാര്‍ ഒരു തിട്ടയില്‍ തട്ടി നിന്നത് വലിയ ദുരന്തത്തെ ഒഴിവാക്കി. യാത്രക്കാരെ നാട്ടുകാരാണ് പുഴയില്‍ നിന്ന് സാഹസികമായി കരയ്‌ക്കെത്തിച്ചത്. ബെല്ലാരിയില്‍ നിന്ന കടപ്പയിലേക്ക് പോവുകയായിരുന്ന യൂസുഫ്, രാകേശ് എന്നീ യാത്രക്കാരാണ് അപകടത്തില്‍ പെട്ടത്.