ബുറെവി ചുഴലിക്കാറ്റില്‍ തമിഴ്‌നാട്ടില്‍ മരണം പത്തായി. തഞ്ചാവൂരിലെ പാലാര്‍ നദിയില്‍ ഒഴുക്കില്‍ പെട്ട് മൂന്ന് പെണ്‍കുട്ടികള്‍ മരിച്ചു. കനത്ത മഴയിലും കാറ്റിലും സംസ്ഥാനത്ത് വ്യാപക നാശമുണ്ടായി. കടലൂരില്‍ നിരവധി വീടുകള്‍ തകര്‍ന്നു. ആയിരക്കണക്കിന് പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
തമിഴ്‌നാട്ടില്‍ നിവാര്‍ ചുഴലിക്കാറ്റിനേക്കാള്‍ നാശം വിതയ്ക്കുകയാണ് ബുറെവി. സംസ്ഥാനത്തെ തീരദേശ ജില്ലകളായ തഞ്ചാവൂര്‍, രാമനാഥപുരം, കടലൂര്‍, അരിയാളൂര്‍, കാഞ്ചീപുരം എന്നിവിടങ്ങളിലാണ് കൂടുതല്‍ നാശനഷ്ടം. കടലൂര്‍ തഞ്ചാവൂര്‍ ജില്ലകളിലായി ഒരു ലക്ഷത്തോളം ഏക്കര്‍ കൃഷിയിടങ്ങള്‍ വെള്ളത്തിനടിയിലാണ്.
ആയിരത്തോളം വീടുകളില്‍ വെള്ളം കയറി. കടലൂരാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത്. അതേസമയം സംസ്ഥാനത്ത് കഴിഞ്ഞ ദിവസം രാത്രി വരെ പെയ്ത കനത്ത മഴയ്ക്ക് ഇന്ന് കുറവുണ്ടായിട്ടുണ്ട്. തീവ്രന്യൂനമര്‍ദ്ദമായി മാറിയ ബുറെവി ചുഴലിക്കാറ്റ് ഇരുപത്തിനാല് മണിക്കൂറിലേറെയായി ചലനമില്ലാതെ മാന്നാര്‍ കടലിടുക്കില്‍ തുടരുകയാണ്.