നഗരസഭയിലെ വീട്ടുകരം തട്ടിപ്പ് ആരോപിച്ച് ബി.ജെ.പി കൗണ്‍സില്‍മാര്‍ നടത്തുന്ന പ്രതിഷേധ സമരത്തിനിടെ കോര്‍പ്പറേഷന്‍ ഹാളില്‍ നാടകീയ രംഗങ്ങള്‍. മേയര്‍ ആര്യ രാജേന്ദ്രന്‍ കൗണ്‍സിലില്‍ പ്രവേശിക്കുന്നത് തടയാന്‍ ബി.ജെ.പി കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ ഹാളില്‍ കിടന്ന് പ്രതിഷേധിച്ചു. മേയര്‍ക്ക് സംരക്ഷണമൊരുക്കാന്‍ സി.പി.എം കൗണ്‍സിലര്‍മാര്‍ രംഗത്തെത്തിയതോടെയാണ് സംഘര്‍ഷഭരിതമായ സാഹചര്യമുണ്ടായത്.

2.30ന് തീരുമാനിച്ചിരുന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാനാണ് മേയര്‍ നഗരസഭയിലെത്തിയത്. ഡയസിലേക്ക് പോകുന്ന വഴിയില്‍ ബി.ജെ.പി കൗണ്‍സിലര്‍മാര്‍ വഴി മുടക്കി കിടന്നതോടെ മേയര്‍ക്ക് ഡയസിലേക്ക് പോകാന്‍ കഴിയാത്ത സ്ഥിതിയുണ്ടായി. ഇതോടെയാണ് സി.പി.എം കൗണ്‍സിലര്‍മാര്‍ സംരക്ഷണമൊരുക്കിയത്. പിന്നീട് പോലീസ് എത്തിയാണ് മേയറെ ഡയസിലേക്ക് എത്തിച്ചത്. വനിത പോലീസ് ഉള്‍പ്പെടെ സ്ഥലത്തെത്തിയിരുന്നു. പോലീസ് സംരക്ഷണയിലാണ് കൗണ്‍സില്‍ യോഗം ആരംഭിച്ചത്.