നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തില്‍നിന്ന് കരകയറാന്‍ സമ്പൂര്‍ണ അഴിച്ചുപണി നടത്തൊനൊരുങ്ങുകയാണ് ബി.ജെ.പി. കേന്ദ്രത്തിന്റെ നിര്‍ദേശമനുസരിച്ചായിരിക്കും പുതിയ തീരുമാനങ്ങള്‍. സീറ്റൊന്നും നേടാനായില്ല. അഞ്ചുവർഷംകൊണ്ട് വർധിച്ച വോട്ടുവിഹിതം .77% മാത്രം. സംസ്ഥാന ബി.ജെ.പിയുടെ സംഘടനാ ദൗർബല്യം തുറന്നുകാട്ടുന്നതായി നിയമസഭാ തിരഞ്ഞെടുപ്പ്. 

സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കെ.സുരേന്ദ്രൻ മാറണമെന്ന അഭിപ്രായമാണ് കൃഷ്ണദാസ്, ശോഭാ സുരേന്ദ്രൻ പക്ഷങ്ങൾക്ക്. തിരഞ്ഞെടുപ്പ് അവലോകനങ്ങൾ പൂർത്തിയാകാത്തതിനാൽ പ്രത്യക്ഷ നീക്കങ്ങളുണ്ടായിട്ടില്ല. എന്നാൽ സംസ്ഥാന നേതൃത്വം മാറാതെ ജില്ലാതലം മുതൽ താഴോട്ടുള്ള പുനഃസംഘടനയാണ് പാർട്ടി കേന്ദ്രനേതൃത്വത്തിന്റെ പരി​ഗണനയിലുള്ളത്. ആറുമാസം മുമ്പ് കേന്ദ്രനേതൃത്വം നൽകിയ പുനഃസംഘടനാ നിർദേശങ്ങൾ ഇപ്പോഴത്തെ തിരിച്ചടിയുടെ സാഹചര്യത്തിൽ സംസ്ഥാന നേതൃത്വം വീണ്ടും സജീവമാക്കുകയാണ്. 

കർണാടകയിലും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും പരീക്ഷിച്ച് വിജയിച്ച രീതി കേരളത്തിലും പയറ്റിനോക്കണമെന്ന താത്പര്യത്തിലാണ് കേന്ദ്ര നേതൃത്വം. ഒരുജില്ലയിൽ ഒന്നിലധികം ജില്ലാ കമ്മിറ്റികൾ രൂപീകരിക്കും. അത്രതന്നെ ജില്ലാ പ്രസിഡന്റുമാരുമുണ്ടാവും. കോർപ്പറേഷനുള്ള ജില്ലയിൽ ന​ഗരസഭാ പരിധിയിൽ ഒരു ജില്ലാ കമ്മിറ്റിയും ​ഗ്രാമത്തിനായി മറ്റൊരു ജില്ലാ കമ്മിറ്റിയും എന്നതാണ് ആശയം.

സംഘടനാ സംവിധാനം കാര്യക്ഷമമായ തിരുവനന്തപുരം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ ഇത് കൂടുതൽ ഫലപ്രദമാകുമെന്ന് മുതിർന്ന ബി.ജെ.പി നേതാവ് മാതൃഭൂമി ന്യൂസിനോടുപറഞ്ഞു.