കേരളത്തിന്റെ നീതിന്യായ ചരിത്രത്തില്‍ ഒരു ബിഷപ്പ് പ്രതി സ്ഥാനത്ത്  വന്ന ആദ്യത്തെ കേസാണ് ഫ്രാങ്കോ കേസ്. സഭ ഇടപെട്ട് കേസ് ഒത്തു തീര്‍പ്പാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് കന്യാസ്ത്രീ പോലീസിനെ സമീപിക്കുന്നത്. 

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കുറവിലങ്ങാട് മഠത്തിലെ ഇരുപതാം നമ്പര്‍ മുറിയില്‍ വെച്ച് 13 തവണ പീഡിപ്പിച്ചുവെന്നാണ് കന്യാസ്ത്രീയുടെ പരാതി. 2018 ജൂണ്‍ 27നാണ് കന്യാസ്ത്രീ കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കുന്നത്. തുടര്‍ന്ന് കുറവിലങ്ങാട് പോലീസില്‍ FIR രജിസ്റ്റര്‍ ചെയ്ത് അന്വേഷണം വൈക്കം ഡി.വൈ.എസ്.പി കെ സുഭാഷിന് കൈമാറി. ജൂലൈ ഒന്നിന് അന്വേഷണ സംഘം കുറവിലങ്ങാട് മഠത്തിലെത്തി കന്യാസ്ത്രീയുടെ മൊഴിയെടുത്തു. ജൂലൈ അഞ്ചിന് രഹസ്യമൊഴിയും രേഖപ്പെടുത്തി. 

കേസ് സജീവ ചര്‍ച്ചയായതോടെ ദേശീയ വനിതാകമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ മഠത്തിലെത്തി കന്യാസ്ത്രീയെ കണ്ടു. കന്യാസ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കണ്ണൂരിലെയും തൊടുപുഴയിലെയും മഠങ്ങളിലെത്തി പരിശോധന നടത്തി. 

2018 ജൂലൈ പതിനാലിന് കന്യാസ്ത്രീ ആദ്യം പരാതി അറിയിച്ചവരില്‍ ഒരാളായ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ മൊഴി അന്വേഷണസംഘമെടുത്തു. കുരുക്ക് മുറുകിയതോടെ കേസില്‍ നിന്ന് പിന്‍മാറാന്‍ സഭ വിവിധ കേന്ദ്രങ്ങള്‍ വഴി കന്യാസ്ത്രീകള്‍ക്ക് പണവും ഭൂമിയും വാഗ്ദാനം നല്‍കി. ഇതിനെതിരെ ജൂലൈ 25 ന് കന്യാസ്ത്രീകള്‍ പോലീസില്‍ പരാതി നല്‍കി. കേസിന്റെ ആ നാള്‍വഴികള്‍..