സാമൂഹിക മാധ്യമത്തിൽ സ്റ്റാറ്റസ് ഇടാൻ ബൈക്കഭ്യാസം നടത്തുന്നതിനിടേ എതിരെ വന്ന വാഹനമിടിച്ച് യുവാവിന് പരിക്ക്. കഴിഞ്ഞ ദിവസമാണ് സംഭവം.  നെയ്യാർ ഡാം റിസർവോയറിന്  മൂന്നാം ചെറുപ്പിന് സമീപം മൂന്ന് ബൈക്കിലെത്തിയതായിരുന്നു യുവാക്കൾ. റേസിംഗ് നടത്തുന്നതിനിടെ വാഹനം വെട്ടിത്തിരിക്കുമ്പോൾ എതിരെ വന്ന ബുള്ളറ്റ് ഇടിക്കുകയും യുവാവിൻ്റെ  കാലൊടിയുകയുമായിരുന്നു. 

ബൈക്ക് റോഡിന് കുറുകെ നിർത്തിയതിനാലാണ് അപകടം ഉണ്ടായത്. ഇത് ബുള്ളറ്റിൽ എത്തിയവർ ചോദ്യം ചെയ്യുകയും മർദ്ദിക്കുകയും ചെയ്യുകയായിരുന്നു. ഇതിനിടെ ബൈക്ക് തട്ടി യുവാവിന്റെ കാലൊടിഞ്ഞു എന്നു കണ്ടതോടെ ബുള്ളറ്റിൽ എത്തിയവർ മർദനം അവസാനിപ്പിച്ചു. കാലൊടിഞ്ഞ യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്. തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശിയാണ് യുവാവ് എന്നാണ് വിവരം. 

സ്ഥിരം വൈകുന്നേരങ്ങളിൽ  ഈ പ്രദേശത്ത് സ്ഥിരമായി വാഹന യാത്രയ്ക്കും വഴിയാത്രക്കാർക്കും ബുദ്ധിമുട്ട് വരുന്ന വിധത്തിൽ ഇത്തരം റേസിംഗ്  നടക്കാറുണ്ട് എന്ന് പ്രദേശവാസികൾ പറയുന്നു. അതേസമയം പോലീസ് സ്റ്റേഷനിൽ മർദനത്തെ കുറിച്ചോ അപകടത്തെ കുറിച്ചോ, ഇത്തരത്തിൽ ബൈക്ക് റേസിങ്ങിനെ കുറിച്ചോ യാതൊരു പരാതിയും ലഭിച്ചിട്ടില്ല.