ഭീമ ജൂവലറി ഉടമയുടെ വീട്ടിൽ മോഷണം നടത്തിയ മോഷ്ടാവിന്റെ ചിത്രം പുറത്തുവിട്ട് പോലീസ്. വീട്ടിലെ സിസിടിവി ക്യാമറകളിൽനിന്ന് ലഭിച്ച ദൃശ്യങ്ങളാണ് പോലീസ് പുറത്തുവിട്ടിരിക്കുന്നത്. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവർ പോലീസിനെ അറിയിക്കണമെന്നാണ് അഭ്യർഥന. 

പ്രതിയുടെ കൈയിൽ ടാറ്റൂ പതിച്ചിരിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇയാൾ ഉത്തരേന്ത്യൻ സ്വദേശിയാണെന്നാണ് നിഗമനം. ഗ്രിൽസിന്റെ അഴിക്കൾക്കിടയിലൂടെയാണ് വീടിനകത്ത് കടന്നതെന്നതിനാൽ പ്രതി ഒരു അഭ്യാസിയാണെന്നും അസാമാന്യമായ മെയ് വഴക്കമുള്ളയാളാണെന്നും പോലീസ് കരുതുന്നു. 

അതിനിടെ, വീട്ടിൽ നേരത്തെ ജോലിക്ക് വന്നവരെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. വീടിനെക്കുറിച്ച് കൃത്യമായ ധാരണയുള്ളവർക്കേ മോഷണം നടത്താനാകൂ എന്ന കണ്ടെത്തലിനെ തുടർന്നാണ് നേരത്തെ ജോലിചെയ്തിരുന്നവരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്.