രാജ്യത്ത് എല്ലായിടത്തും ഉപയോഗിക്കാവുന്ന ഏകീകൃത വാഹന രജിസ്‌ട്രേഷൻ സംവിധാനം അവതരിപ്പിക്കാൻ റോഡ്, ഗതാഗത മന്ത്രാലയം. ‘ഭാരത്’ വാക്കിന്റെ ഇംഗ്ലീഷ് വാക്കിലെ ആദ്യ രണ്ടക്ഷരങ്ങളായ ബി.എച്ച്. സീരീസിലാണ് നമ്പർ അനുവദിക്കുക. ഇതുസംബന്ധിച്ച ഉത്തരവ് മന്ത്രാലയം പുറത്തിറക്കി.

സുരക്ഷാ ഉദ്യോഗസ്ഥർ, കേന്ദ്ര-സംസ്ഥാന സർക്കാർ- പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ, കുറഞ്ഞത് നാലു സംസ്ഥാനങ്ങളിലോ കേന്ദ്രഭരണ പ്രദേശങ്ങളിലോ ഓഫീസുകൾ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവർക്കാണ് ആദ്യഘട്ടത്തിൽ രജിസ്‌ട്രേഷൻ അനുവദിക്കുക.

ഇതോടെ ഒരു സംസ്ഥാനത്തുനിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് വാഹനം കൊണ്ടുപോയി ഉപയോഗിക്കുമ്പോൾ പുനർ രജിസ്‌ട്രേഷൻചെയ്യുന്നത് ഒഴിവാക്കാനാവും. രജിസ്റ്റർചെയ്യുന്ന വർഷം, ബി.എച്ച്. എന്ന കോഡ്, നാലക്ക നമ്പർ, ശ്രേണി വ്യക്തമാക്കാനുള്ള ഇംഗ്ലീഷിലെ രണ്ടക്ഷരങ്ങൾ അടങ്ങിയതാവും രജിസ്‌ട്രേഷൻ നമ്പർ.